banner

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റുചെയ്തത് ഒരു സൂചനയുമില്ലാതെ. നേരത്തേ അറസ്റ്റുചെയ്തവരെ ചോദ്യംചെയ്തപ്പോൾ ലഭിച്ച മൊഴികളും സൂചനകളും ഇഴകീറി പരിശോധിച്ചാണ് അറസ്റ്റിലേക്കുനീങ്ങിയത്.

ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യത്തിൽ തനിക്ക് ബന്ധമൊന്നുമില്ലെന്ന മറുപടിമാത്രമാണ് തന്ത്രിയിൽനിന്നുണ്ടായത്. അന്ന് ചില വിവരങ്ങൾ അറിയാനെന്ന തരത്തിൽ അന്വേഷണസംഘം വിളിച്ചുവരുത്തുകയായിരുന്നു. ഒരു ചോദ്യംചെയ്യലിന്റെ പ്രതീതി ഉണ്ടാക്കിയതുമില്ല. എന്നാൽ, ശബരിമലയുമായി ബന്ധപ്പെട്ട് തന്ത്രി നൽകിയ ചില അനുമതികളിൽ സംശയം തോന്നിത്തുടങ്ങിയ പ്രത്യേക സംഘം മറ്റുള്ളവരുടെ ചോദ്യംചെയ്യലിൽ ഇക്കാര്യങ്ങളും മനസ്സിൽവെച്ചു.
തന്ത്രിയായതിനാൽ, വളരെ സൂക്ഷിച്ച് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുചെയ്തതെന്നാണ് സൂചന.ആദ്യഘട്ട ചോദ്യംചെയ്യലിനു ശേഷമുണ്ടായ അതേ ആത്മവിശ്വാസത്തോടെയാണ് വെള്ളിയാഴ്ചയും അദ്ദേഹം അന്വേഷണസംഘത്തിനുമുന്നിൽ ഹാജരായത്. സഹായി നാരായണൻ നമ്പൂതിരിക്കൊപ്പമാണ് എത്തിയത്. കാര്യങ്ങൾ ഏകദേശം ഉറപ്പിച്ച ശേഷമാണ് അന്വേഷണസംഘം അദ്ദേഹത്തെ വിളിപ്പിച്ചത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് ഉൾപ്പെടെയുള്ളവരുടെ ചോദ്യംചെയ്യലിനുശേഷം വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റുചെയ്യുകയായിരുന്നു.
20visionnews 

Post a Comment

0 Comments