കൊട്ടാരക്കര : പുലമണിലെ സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും കാത്തിരിപ്പ് കേന്ദ്രത്തിന്റെയും നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. സ്വകാര്യ ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് മുന്നോടിയായി സ്ഥലം സന്ദർശിച്ച് സാഹചര്യം വിലയിരുത്തുകയായിരുന്നു മന്ത്രി.
എംഎൽഎ ആസ്തി വികസന ഫണ്ടിലെ ഒരു കോടി രൂപ വിനിയോഗിച്ച് സ്റ്റാൻഡിനുള്ളിൽ പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമിക്കും. ഒരേ സമയം 50 പേർക്ക് ഇരിക്കാൻ കഴിയുന്ന കേന്ദ്രം 15 അടി ഉയരത്തിലായതിനാൽ ആളുകൾക്ക് മഴ നനയാതെ ബസിനുള്ളിൽ കയറാൻ കഴിയും. കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമ്മാണത്തിനു മുൻപ് സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള കാത്തിരിപ്പ് കേന്ദ്രത്തിന്റെയും നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 64 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിക്കുന്ന സ്വകാര്യ ബസ് സ്റ്റാൻഡിൽ ശുചിമുറി സൗകര്യം, പോലീസ് എയ്ഡ് പോസ്റ്റ്, ഫീഡിങ് റൂം, വ്യാപാരസ്ഥാപനങ്ങൾക്കുള്ള തുടങ്ങിയവ സൗകര്യങ്ങൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിതാ ഗോപകുമാർ, വൈസ് ചെയർപേഴ്സൺ എ ഷാജു, പി ഡബ്ല്യൂ ഡി ചീഫ് ആർക്കിടെക്ട് വി എസ് ഗിരീഷ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
0 Comments