banner

പത്മശ്രീ ഡോ.കെ രാജഗോപാലനെ അനുസ്മരിച്ചു.

ഡോ.കെ രാജഗോപാലനെ അനുസ്മരിക്കുമ്പോൾ കേവലം ഒരു ഡോക്ടറും അദ്ദേഹത്തിന്റെ സേവനം ലഭിച്ചിട്ടുള്ള രോഗികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്  മാത്രമല്ല നമുക്ക് പറയാനുള്ളത്. ആയുർവേദത്തെക്കുറിച്ച് നിരന്തരം പഠനം നടത്തുകയും, ജീവിതചര്യ നല്ല മരുന്നാണെന്ന് നാടിനെ പഠിപ്പിക്കുകയും, പ്രകൃതി വിഭവങ്ങളുടെ ശരിയായ ഉപയോഗം പല രോഗങ്ങളെയും മാറ്റിനിർത്തുമെന്ന് നമ്മളെ ഓർമിപ്പിക്കുകയും ചെയ്ത ഗവേഷകനും, സൈദ്ധാന്തികനുമൊക്കെ ആയിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടപ്പിലാക്കിയ പല പദ്ധതികളിലും അദ്ദേഹത്തിന്റെ ഉപദേശം തേടുവാനും, അതെല്ലാം പദ്ധതികളുടെ ആവിഷ്കാരത്തിനായി ഉപയോഗപ്പെടുത്തുവാനും കഴിഞ്ഞിരുന്നു. അക്കാലയളവിലെ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്തിന് ലഭിച്ച ആരോഗ്യ കേരളം പുരസ്കാര തുക അദ്ദേഹത്തിന്റെ പേരിൽ കോൺഫറൻസ് ഹാളും, ലൈബ്രറിയും നിർമ്മിച്ച് ആയുർവേദ ആശുപത്രിയുടെ വികസനത്തിന് ഉപയോഗിക്കുകയും ചെയ്തു.
തിരുവനന്തപുരം ആയുർവേദം മെഡിക്കൽ കോളേജിൽ നിന്നും ഒന്നാം റാങ്കോടെയാണ് അദ്ദേഹം ആദ്യ ബാച്ചിൽ നിന്നും പാസായത്. പിന്നീട് എം.ബി.ബി.എസ് ബിരുദവും കരസ്ഥമാക്കി. ആയുർവേദത്തിലും, അലോപ്പതിയിലും ഒരുപോലെ അറിവുണ്ടായിരുന്ന അദ്ദേഹം സംസ്ഥാനത്തുടനീളം പ്രവർത്തിച്ച്  തന്റെ അറിവിനെ നാടിനായി പ്രയോഗിച്ചു. നിരവധി റിസർച്ച് ജേർണലുകളുടെ എഡിറ്ററും, ലേഖകനുമായി പ്രവർത്തിച്ച് തന്റെ അറിവിനെ പരമാവധി അദ്ദേഹം നാടിനായി പകർന്നു നൽകി. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി  ജില്ലയിൽ ഒരു ആയുർവേദ മ്യൂസിയം നിർമ്മിക്കുന്നതിന്റെ സാധ്യത കൂടി പരിശോധിക്കേണ്ടതുണ്ട്. ആയുർവേദം ഈ കാലത്ത് കൂടുതൽ പേർ ആശ്രയിക്കുന്ന ചികിത്സാരീതിയായി മാറുമ്പോൾ കൊല്ലം ലോകത്തിന് സംഭാവന ചെയ്ത പത്മശ്രീ. ഡോ. കെ. രാജഗോപാലന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നു.

Post a Comment

0 Comments