ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ അടിത്തറ പാകിയ വ്യക്തിത്വമാണ് മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ടത്തിലെ 129037 ചതുരശ്ര കിമീ വിസ്തൃതിയുടെ മുക്കാല്‍ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഏറഎ വിവാദമായിരുന്നു.
പശ്ചിമഘട്ട മേഖലയിലെ അനിയന്ത്രിതമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ വലിയ വിനാശങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. 2011ലാണ് പശ്ചിമ ഘട്ട മലനിരകളെക്കുറിച്ച് വിദഗ്ദ പഠനം നടത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് കേരളത്തില്‍ ഏറെ എതിര്‍പ്പുകള്‍ നേരിട്ടെങ്കിലും 2018ലെ പ്രളയത്തിനും പ്രകൃതിക്ഷോഭങ്ങള്‍ക്കും ശേഷം ഇത് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
1986 മുതല്‍ 1990 വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേശക സമിതി അംഗമായും, 1998 മുതല്‍ 2002 വരെ അന്താരാഷ്ട്ര ശാസ്ത്ര-സാങ്കേതിക ഉപദേശക സമിതി അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസ്, ഇന്ത്യ നാഷണല്‍ സയന്‍സ് അക്കാഡമി, തേഡ് വേള്‍ഡ് അക്കാഡമി ഓഫ് സയന്‍സസ് എന്നിവയില്‍ ഫെല്ലോ ആയ അദ്ദേഹം, അമേരിക്കന്‍ ദേശീയ ശാസ്ത്ര അക്കാഡമിയുടെ വിദേശ അസോസ്സിയേറ്റായും ബ്രിട്ടീഷ്, അമേരിക്കന്‍ പാരിസ്ഥിതിക സൊസൈറ്റികളില്‍ വിശിഷ്ടാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പദ്മശ്രീ, പദ്മഭൂഷന്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം മാധവ് ഗാഡ്ഗിലിനെ ആദരിച്ചിട്ടുണ്ട്.
0 Comments