രാജ്യത്തെ ആദ്യത്തെ ലേക്ക് സൈഡ് ഐടി പാർക്കായ കൊല്ലം ടെക്നോപാർക്ക് (ഫേസ് -5) വൻ വികസനക്കുതിപ്പിലേക്ക്. ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ആംഫി തിയറ്റർ, വർക്കിങ് വിമൻസ് ഹോസ്റ്റൽ എന്നിവ ക്യാമ്പസിനെ സമ്പൂർണ 'ലൈവ്-വർക്ക്-പ്ലേ' ആവാസവ്യവസ്ഥയാക്കി മാറ്റും. മെട്രോ നഗരങ്ങളിലെ തിരക്കുകളിൽനിന്നു മാറി അഷ്ടമുടിക്കായലിന്റെ ശാന്തമായ അന്തരീക്ഷത്തിലാണ് ക്യാമ്പസ്. ഒരുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള 'അഷ്‌ടമുടി' ഐ ടി കെട്ടിടം ആധുനിക സൗകര്യങ്ങളാൽ സമ്പന്നമാണ്. പരിസ്ഥിതിസൗഹൃദമായ രീതിയിൽ രൂപകൽപ്പനചെയ്‌ത ഈ കെട്ടിടത്തിന് അന്താരാഷ്ട്രതലത്തിലുള്ള ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. നിലവിൽ 17 കമ്പനിയിലായി അഞ്ഞൂറ്റിയമ്പതിലധികം ജീവനക്കാർ ജോലിചെയ്യുന്നു.
പ്രത്യേക സാമ്പത്തികമേഖലയിൽ (സ്പെഷ്യൽ ഇക്കണോമിക് സോൺ) ആണ് ക്യാമ്പസ് പ്രവർത്തിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും ഏറെ പ്രയോജനകരമായ രീതിയിൽ എട്ടുമുതൽ 25 സീറ്റുകൾ വരെയുള്ള സ്മാർട്ട് ബിസിനസ് സെൻ്ററുകൾ പ്ലഗ് -ആൻഡ്- പ്ലേ സൗകര്യത്തോടെ ലഭ്യമാണ്. ക്യാമ്പസിന്റെ ചുറ്റുമുള്ള അക്കാദമിക് സ്ഥാപനങ്ങൾ കൊല്ലം ടെക്നോപാർക്കിൻ്റെ വളർച്ചയ്ക്ക് നിർണായക പിന്തുണ നൽകുന്നു. ടികെഎം കോളേജ് ഓഫ് എൻജിനിയറിങ്, ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പെരുമൺ എൻജിനിയറിങ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ അടുത്ത് സ്ഥിതിചെയ്യുന്നതിനാൽ സാങ്കേതിക വൈദഗ്‌ധ്യമുള്ള ബിരുദധാരികളെ കമ്പനികൾക്ക് ലഭ്യമാകുന്നു. നാട്ടിൽ തന്നെ മികച്ച ശമ്പളത്തോടെയുള്ള തൊഴിലവസരവും ലഭിക്കുന്നു. കൂടാതെ, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് മുതൽ എഐ വരെയുള്ള മേഖലകളിൽ പ്രാഗത്ഭ്യമുള്ള ഐടി പ്രൊഫഷണലുകളുടെ സാന്നിധ്യം ഐടി ഇക്കോസിസ്റ്റത്തെ കൂടുതൽ ശക്തമാക്കുന്നു.
കൊല്ലം നഗരത്തിൽനിന്ന് 15 കിലോമീറ്റർ ദൂരമുള്ള ഇവിടേക്ക് റോഡ്, റെയിൽ പാതകൾ വഴി എളുപ്പത്തിൽ എത്തിച്ചേരാനാകും. എംസി റോഡ്, ദേശീയപാത 66 എന്നിവയിൽനിന്ന് തുല്യദൂരത്തിലാണ് ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നത്. ട്രെയിൻ മാർഗം എത്തുന്നവരുടെ സൗകര്യാർഥം പ്രത്യേക കെഎസ്ആർടിസി സർവീസുകളും ലഭ്യമാക്കിയിട്ടുണ്ട്.
#ITPark #kollam #varthamalayalam
0 Comments