banner

പിണറായിയെ വിമർശിക്കുന്നതിനു വിലക്ക്; ഇങ്ങനെ പോയാൽ പാർട്ടി ഒരു കാലത്തും രക്ഷപെടില്ലെന്നു പറഞ്ഞ് സിപിഎം നേതാവ് ഇറങ്ങിപ്പോയി

കൊല്ലം:തിരഞ്ഞെടുപ്പ് തോൽവിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന നേതൃത്വത്തെയും വിമർശിക്കുന്നതിനു വിലക്ക്. ഇതിൽ പ്രതിഷേധിച്ചു ലോക്കൽ സെക്രട്ടറി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ കൊട്ടാരക്കര സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് കരീപ്ര തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കരീപ്ര അജയകുമാർ പ്രതിഷേധിച്ചത്. ഇങ്ങനെ പോയാൽ പാർട്ടി ഒരു കാലത്തും രക്ഷപെടില്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് മറ്റ് 2 അംഗങ്ങളും അജയകുമാറിന്റെ നിലപാടിനെ അനുകൂലിച്ച് പ്രസംഗിച്ചു. കൊട്ടാരക്കര, നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും ഉൾപ്പെട്ടതായിരുന്നു യോഗം. കേന്ദ്ര കമ്മിറ്റിയംഗം കെ.എൻ.ബാലഗോപാൽ എംഎൽഎ, സംസ്ഥാനകമ്മിറ്റിയംഗം എസ്.രാജേന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റംഗം ജോർജ് മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ.രാമാനുജന്റെ അധ്യക്ഷതയിലായിരുന്നു യോഗം. സംസ്ഥാന നേതൃത്വത്തിനും പിണറായി വിജയനും എതിരെ പറയാൻ തുടങ്ങിയപ്പോൾ ഇത്തരം വിഷയം ഇവിടെ ചർച്ച ചെയ്യാൻ കഴിയില്ലെന്നും ഏരിയ കമ്മിറ്റികളിൽ ചർച്ച ചെയ്താൽ മതിയെന്നും വാദവുമായി ജോർജ് മാത്യു എഴുന്നേറ്റു. സംസ്ഥാനത്തു മുഴുവൻ സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും താഴേത്തട്ടിൽ സ്വതന്ത്രമായി അഭിപ്രായം പറയാൻ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ഉണ്ടെന്നും അജയകുമാർ വാദിച്ചു. പറ്റില്ലെന്ന നിലപാടിൽ ജോർജ് മാത്യു ഉറച്ചു നിന്നു. ഏരിയ കമ്മിറ്റി അംഗമല്ലാത്ത താൻ എവിടെ കാര്യങ്ങൾ പറയുമെന്നും ചോദിച്ചായിരുന്നു അജയകുമാറിന്റെ ഇറങ്ങിപ്പോക്ക്. വൈകാതെ യോഗവും പിരിഞ്ഞു...

Post a Comment

0 Comments