banner

​ഓർഡിനറി ബസുകളിൽ മാത്രം സൗജന്യയാത്ര: ജനങ്ങളെ കബളിപ്പിക്കുന്ന സർക്കാർ നടപടിക്കെതിരെ ബിജെപി മഹിളാമോർച്ചയുടെ പ്രതിഷേധം

കൊട്ടാരക്കര: കെഎസ്ആർടിസിയിലെ എല്ലാ ബസുകളിലും സൗജന്യയാത്ര അനുവദിക്കുമെന്ന വാഗ്ദാനം ലംഘിച്ച്, ഓർഡിനറി ബസുകളിൽ മാത്രം സൗജന്യയാത്ര ഒതുക്കിയ യുഡിഫ് സർക്കാർ നടപടിക്കെതിരെ ബിജെപി ഈസ്റ്റ് ജില്ലാ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സൗജന്യയാത്ര കൃത്യമായി നടപ്പിലാക്കാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരം മാറ്റങ്ങളെന്ന് ബിജെപി ആരോപിച്ചു.
​കൊട്ടാരക്കര ചന്തമുക്കിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കെഎസ്ആർടിസി ഓഫീസ് കവാടത്തിന് മുന്നിൽ പോലീസ് തടഞ്ഞു. 
​മാർച്ച് ബിജെപി ജില്ലാ പ്രസിഡണ്ട് രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ വെറും സ്റ്റിക്കർ ഒട്ടിച്ച് പേരുമാറ്റി അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. സൗജന്യയാത്ര നൽകുന്നുണ്ടെങ്കിൽ അത് എല്ലാ കെഎസ്ആർടിസി ബസുകളിലും ലഭ്യമാക്കണം. അല്ലാതെ ഓർഡിനറി ബസുകളിൽ മാത്രമായി സൗജന്യയാത്ര ഒതുക്കി വനിതകളെ പറ്റിക്കാൻ നോക്കേണ്ടെന്നും, ഇതിനെതിരെ ബിജെപി ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.
​മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് രേഖ അജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെ ടുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് വിദ്യകരുവായം,എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ആർ. രശ്മി,ജില്ല ജനറൽ സെക്രട്ടറി പ്രിയങ്ക എന്നിവർ സംസാരിച്ചു.
ബിജെപി-മഹിളാമോർച്ച നേതാക്കളായ ലക്ഷ്മി, സുനിത, രമ്യ, സബിത സതീഷ്,പ്രസന്ന ശ്രീ ഭദ്ര, ബിന്ദു എന്നിവർ മാർച്ചിന് നേതൃത്യം നൽകി.

Post a Comment

0 Comments