കൊല്ലം:കുളത്തൂപ്പുഴ ഡീസൻ്റ്മുക്ക് നഴ്സറിക്കും അൻപതേക്കർ പാലത്തിനും സമീപത്തായി റോഡിലിറങ്ങുകയും പിന്നീട് മരത്തിൽ കയറി അഭയം പ്രാപിക്കുകയും ചെയ്ത കൂറ്റൻ രാജ വെമ്പാലയെ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (RRT) സാഹസികമായി പിടികൂടി. അഞ്ചു മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് മരത്തിന് മുകളിൽ നിന്നും പാമ്പിനെ സുരക്ഷിതമായി താഴെയിറക്കിയത്.
റോഡിൽ കിടക്കുകയായിരുന്ന പാമ്പിനെ അതുവഴി വന്നവരാണ് ആദ്യം കണ്ടത്. ആളുകൾ കൂടിയതോടെ പരിഭ്രാന്തനായ പാമ്പ് തൊട്ടടുത്തുള്ള മരത്തിലേക്ക് കയറുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ തെന്മല ആർ.ആർ.ടി സംഘത്തെ വിവരമറിയിച്ചു.
തുടർന്ന് ആർ. രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു. മരത്തിന്റെ ഏറെ ഉയരത്തിൽ കയറിയ പാമ്പിനെ സുരക്ഷിതമായി താഴെ എത്തിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. പൊതുജനങ്ങളുടെയും RRT യുടെയും കഠിന പരിശ്രമം കൊണ്ട് നീണ്ട 5 മണിക്കൂർ നീണ്ട ആശങ്കകൾക്കും പരിശ്രമങ്ങൾക്കും വിരാമമിട്ട് പാമ്പിനെ വലയിലാക്കുകയായിരുന്നു.
ജനവാസ മേഖലയിൽ നിന്നും പിടികൂടിയ പാമ്പിനെ പിന്നീട് സുരക്ഷിതമായ വനമേഖലയിലേക്ക് മാറ്റും. വനംവകുപ്പിന്റെ സമയോചിതമായ ഇടപെടലിനെ നാട്ടുകാർ അഭിനന്ദിച്ചു.
0 Comments