കേരള-തമിഴ്നാട് അതിർത്തി ഗ്രാമമായ ഭഗവതീപുരം റെയിൽവേ സ്റ്റേഷൻ സിഗ്നലിന് സമീപം ട്രെയിൻ തട്ടി കടുവ കൊല്ലപ്പെട്ടു. കേരള വനാതിർത്തിക്ക് തൊട്ടടുത്തുള്ള ജനവാസ മേഖലയോടും റെയിൽവേ സ്റ്റേഷനോടും ചേർന്ന ഭാഗത്ത് ബുധൻ പുലർച്ചെയാണ് സംഭവം. കൊല്ലം-ചെങ്കോട്ട പാതയിൽ ഭഗവതീപുരം റെയിൽവേ സ്റ്റേഷൻ കഴിഞ്ഞുള്ള സിഗ്നലിന് സമീപത്താണ് അപകടം നടന്നത്.
ഉദ്ദേശം എട്ട് വയസ്സ് പ്രായം വരുന്ന ആൺ കടുവയാണ് ചത്തത്. പാലക്കാട് നിന്നും തൂത്തുക്കുടിയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. സമീപത്തെ മാന്തോപ്പിൽ നിന്നും ചാടിവന്ന കടുവ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
പാളത്തിന് നടുവിലേക്ക് തെറിച്ചുവീണ കടുവയ്ക്ക് തലയ്ക്കേറ്റ ഗുരുതര പരിക്കൊഴിച്ചാൽ മറ്റു കാര്യമായ ക്ഷതങ്ങളൊന്നുമില്ല. ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനെ തുടർന്ന് ആർപിഎഫും തെങ്കാശി ജില്ലാ ഫോറസ്റ്റ് ഓഫീസർ രാജ്മോഹന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘവും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജഡം പോസ്റ്റ്മോർട്ടത്തിനും സംസ്കാരത്തിനുമായി കൊണ്ടുപോയി.
റെയിൽവേ സ്റ്റേഷനും ജനവാസ മേഖലയ്ക്കും തൊട്ടരികിൽ കടുവ ഇറങ്ങിയത് പ്രദേശവാസികളിൽ വലിയ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്.
0 Comments